2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ആറാം തവണയാണ് ഈ പുരസ്കാരത്തിന് അദ്ദേഹം അർഹനാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ അസാമാന്യ പ്രകടനത്തിനായിരുന്നു അദ്ദേഹത്തെ തേടി ഈ അംഗീകാരം എത്തിയത്.
എട്ടുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മമ്മൂട്ടി അർഹനായിട്ടുണ്ട്. അതിൽ ആറു തവണയും മികച്ച നടനായാണ് തെരഞ്ഞെടുത്തത്. എന്നാൽ 14 വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്ക് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരത്തിന്. അവസാനമായി ലഭിച്ചത് 2009 ലാണ്. പാലേരി മാണിക്യം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
1984ൽ അടിയൊഴുക്കുകൾ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള ആദ്യ പുരസ്കാരം മമ്മൂട്ടി നേടുന്നത്. 1989ലും (ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം) 1993ലും (വിധേയൻ, പൊന്തൽമാട, വാത്സല്യം) 2004ലും (കാഴ്ച) 2009ലും (പാലേരി മാണക്യം) മമ്മൂട്ടിയായിരുന്നു മലയാള സിനിമയിലെ മികച്ച നടൻ.
1981 ൽ അഹിംസ എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും 1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങൾക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ മൂന്ന് തവണ ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. 1989 ലും (മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1993ലും (പൊന്തൽമാട, വിധേയൻ) 1998ലും ( ഡോ. ബാബ സാഹേബ് അംബേദ്കർ) ആണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്.