കോവിഡ് കാലത്തെ മാനുഷിക മുഖങ്ങളുടെ പ്രതീകമായി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു. കണ്ണൂർ കുറുവയിലെ ചാലാടൻ വീട്ടിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് കാലത്ത് മുഖ്യമന്ത്രി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് തൻ്റെ ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഴുവനും സംഭാവന നൽകിയതോടെയാണ് ചാലാടൻ ജനാർദ്ദനൻ ജനശ്രദ്ധ നേടിയത്. ബിഡി തൊറുത്തുണ്ടാക്കിയ സമ്പാദ്യമാണ് ദുരാദാശ്വാസ നിധിയിലേക്ക് നൽകിയത്. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ ഫേയ്സ് ബുക്ക് വഴി ചാലാടൻ ജനാർദ്ദനൻ കാണിച്ച നന്മ ലോകത്തെ അറിയിക്കുകയായിരുന്നു.
ഭാര്യയുടെ വിയോഗത്തോടെ ദുഖിതനായ ചാലാടൻ സമ്പാദ്യം സമൂഹ്യ നൻമക്കായി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. 2020 ജൂണിലാണ് ബീഡി തൊഴിലാളിയായിരുന്ന ഭാര്യ രജനി അന്തരിച്ചത്. ഒരുമാസത്തെ അതിജീവനത്തിന് ലളിതമായ തുക മതിയെന്ന് വിശ്വസിച്ച വ്യക്തികൂടിയാണ് ചാലാടൻ ജനാർദ്ദനൻ. സമൂഹത്തിന് മാതൃകയായ വ്യക്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.