ഇന്ത്യയില്‍ നിന്നുളള ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31ന് മദീനയിലേക്ക് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും മുഴുവന്‍ തീര്‍ത്ഥാടകരും കുറഞ്ഞത് രണ്ട് ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്നും അബ്ദുളളകുട്ടി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് 79362 പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്.കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56601 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി മറ്റുളളവരും പുണ്യഭൂമി സന്ദര്‍ശിക്കും.
ഇന്ത്യയില്‍നിന്നുളള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും മക്കയിലും മദീനയിലുമായി താമസസൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അബ്ദുളളകുട്ടി പറഞ്ഞു.മസ്ജിദുല്‍ ഹറാമില്‍ പോയിവരുന്നതിനായി യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജിദ്ദയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അബ്ദുളള കുട്ടി വ്യക്തമാക്കി.