ദുബായിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘ഗോൾഡൻ ചാൻസ്’ പദ്ധതി. ദുബായ് റോഡ്സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമായുളളവർക്ക് ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഉപയോഗപ്പെടുത്തി കുറഞ്ഞ ചിലവിൽ ലൈസൻസ് സ്വന്തമാക്കാം.
ദുബായ് ആർടിഎ നടപ്പാക്കുന്ന ഡയറക്ട് ടെസ്റ്റ് പദ്ധതിയാണ് ‘ഗോൾഡൻ ചാൻസ്’ ഡ്രൈവിംഗ് ലൈസൻസ് പദ്ധതി. ഈ പദ്ധതിക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ വൈകാതെ തിയറി ടെസ്റ്റിനുള്ള അപ്പോയിൻമെൻ്റ് ലഭ്യമാകും. തിയറി പാസ്സായാൽ റോഡ് ടെസ്റ്റിനും ഹാജരാകാം. 2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസിലൂടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ഫയൽ ഓപ്പൺ ചെയ്യാനാകുമെന്നും ആർടിഎ അറിയിച്ചു.
തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് ഹാജരാകാമെന്നതും ഗോൾഡൻ ചാൻസ് പദ്ധതിയുടെ പ്രത്യേകതയാണ്. അതേസമയം ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്നു പഠിക്കേണ്ടി വരും. എന്നാൽ ഇതിനു പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ലെന്നും ആർടിഎ അറിയിച്ചു.
എന്നാൽ നാട്ടിൽ ലൈസൻസ് ഇല്ലാത്തവർ ഫയൽ ഓപ്പൺ ചെയ്തശേഷം ഓൺലൈൻ തിയറി ക്ലാസുകൾക്കും റോഡ് പരിശീലനത്തിനും ഹാജരാകേണ്ടി വരും. പരീക്ഷകളുടെ വിവധ ഘട്ടങ്ങൾ പാസാകുന്നതിന് അനുസരിച്ചാണ് അടുത്ത തലങ്ങളിലേക്ക് കടക്കാനും ലൈസൻസ് സ്വന്തമാക്കാനും കഴിയുക. ഗോൾഡൻ ചാൻസിനെ അപേക്ഷിച്ച് കാലതാമസത്തിനൊപ്പം ഫീസ് നിരക്കിലും മാറ്റമുണ്ടാകും.