ലോക ജനതയുടെ ആരോഗ്യ സംരക്ഷണം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യദിനം കടന്നുവരുന്നത്.ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നത്.’നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന സന്ദേശം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ പരിപാടികൾ.
കോവിഡ് മഹാമാരി ആഗോള െഎക്യത്തോടെ ചെറുത്തുതോൽപ്പിച്ച ജനത പുതിയ വൈറസുകളുടെ ഭീതിയിലാണ്. എബോളയെന്ന ഭീകര വൈറസിന് സമാനമായ മാർബെർഗ് വൈറസാണ് പുതിയ ഭീഷണി.ഇക്വിറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ ഇതിനകം മരണം വിതച്ചുതുടങ്ങിയ വൈറസിനെതിരേ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം എത്തിക്കഴിഞ്ഞു.
യുഎഇ, സൌദി, ഖത്തർ പോലെയുളള ഗൾഫ് നാടുകൾ യാത്രകൾക്ക് നിയന്ത്രണവും സുരക്ഷാ നിർദ്ദേശവും നൽകിയിരിക്കുകയാണ്. രോഗികളുമായി സമ്പർക്കത്തിലുളളവരും രോഗബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ചവരും ക്വാറൻ്റൈനിൽ പോകണമെന്ന ഔദ്യോഗിക നിർദ്ദശങ്ങളും നൽകിക്കഴിഞ്ഞു.
പുതിയ കാലത്തെ പുതിയ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ കൂട്ടായ പരിശ്രമത്തിനാണ് ശ്രമങ്ങൾ നടക്കുന്നത്. ഇതിനിടെ ആഗോളതലത്തിലെ ആരോഗ്യ സൂചികയിൽ യുഎഇ മുൻ നിരയിലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് വ്യക്തമാക്കി. 14 ആരോഗ്യ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ മുന്നിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ലോകാരോഗ്യ ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ ‘എല്ലാവർക്കും ആരോഗ്യം’ എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആരോഗ്യരംഗത്ത് പുതിയ കുതിപ്പുണ്ടാക്കാനും രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും യുഎഇ നടപ്പാക്കുന്ന പരിപാടികളാണ് രാജ്യത്തെ മുൻനിരയിൽ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ആരോഗ്യ രംഗത്തെ യുഎഇയുടെ നേട്ടങ്ങൾ ആഘോഷിക്കാനുളള അവസരമാണ് ലോകാരോഗ്യ ദിനമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമയും പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നത് യുഎഇയുടെ പ്രധാനപ്പെട്ട ദേശീയ നയങ്ങളിലൊന്നാണ് . അതേസമയം സന്തുലിതവുമായ സുരക്ഷിതവുമായ ജീവിതശൈലിയും വൈറസുകൾക്കെതിരായ ജാഗ്രതയും കൂട്ടായ ആരോഗ്യ സംരക്ഷണ പ്രയത്നങ്ങളും വരും നാളെകളിൽ അനിവാര്യമാണെന്നു കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് ഒരു ഏപ്രിൽ 7 കൂടി നമുക്ക് മുന്നിലേക്ക് എത്തുന്നത്.