ഈ വർഷം അവസാനത്തോടെ ജുമൈറ ഏരിയയിൽ പത്ത് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ പൊതു ഉപയോഗത്തിനായി വിന്യസിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലൈമോ ടാക്സികളുമായി താരതമ്യപ്പെടുത്താവുന്ന നിരക്കുകളോടെയാണ് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ ലഭ്യമാക്കുക.
നിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിലും ദുബായിലെ സാധാരണ ടാക്സികളേക്കാൾ 30 ശതമാനം കൂടുതലാണിത്. സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ പിന്നിൽ മൂന്ന് ആളുകൾക്ക് യാത്ര അനുവദനീയമാണ്. മുൻവശത്ത് യാത്രക്കാരെ അനുവദിക്കില്ല.
തുടർസേവനങ്ങളുമായി ബന്ധപ്പെട്ട് വിവധ കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതിനുളള ചർച്ചകളും മുന്നോട്ട് പൊവുകയാണ്.പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിന് അഞ്ച് ഇലക്ട്രിക് കാറുകളുടെ ഒരു കൂട്ടം ദുബായിലെ റോഡുകൾ മാപ്പ് ചെയ്തു.
ടെക്‌നോളജി പരിശോധിക്കുന്നതിനും ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഷെവർലെ ബോൾട്ട് വാഹനങ്ങൾ ജുമൈറ 1ൽ വിന്യസിച്ചത്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യുഎസ് കമ്പനിയായ ക്രൂയിസുമായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അവതരിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടെന്നും ആർടിഎ അറിയിച്ചു.
2030-ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ ക്യാബുകൾ ഏർപ്പെടുത്താനും ആർടിഎ പദ്ധതി പുരോഗമിക്കുന്നുണ്ട്.ഹരിത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും പ്രത്യേക പരിഗണനയാണ് ദുബായ് ഗതാഗത വകുപ്പ് നൽകുന്നത്. പൊതുജനങ്ങൾക്ക് പണം കൊടുത്ത് സ്വയം ഡ്രൈവ് ചെയ്യാവുന്ന സാധാരണ ടാക്സികളുടെ എണ്ണവും ക്രമാനുഗതമായി വർദ്ധിപ്പിക്കുമെന്ന് ആർടിഎ ഉദ്യോഗസ്ഥർ അറിയിച്ചു.