ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനം പ്രഖ്യാപിച്ചു. എമിറാത്തി പൗരന്മാർക്ക് ഓൺലൈനായി പ്രത്യേക പെർമിറ്റിനായി അപേക്ഷിക്കാം. പൗരന്മാരുടെ വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാനാണ് അനുമതി ലഭിക്കുക. താമസിക്കുന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ ചുറ്റളവിൽ പണമടച്ചുള്ള എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലേക്കും സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാക്കും.
അപേക്ഷകൾ ആർടിഎ വെബ്സൈറ്റ് വഴി സമർപ്പിക്കാം. എമിറേറ്റ്‌സ് ഐഡിയുടെ പകർപ്പ്, സാധുതയുള്ള ഇജാരി, വാഹന ഉടമസ്ഥതയുടെ തെളിവ് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്. ഓരോ വീട്ടുകാർക്കും നൽകുന്ന സൗജന്യ പെർമിറ്റുകളുടെ എണ്ണം വീടിൻ്റെ വലുപ്പത്തെ ആശ്രയിച്ചാണെന്നും അതോറിറ്റി അറിയിച്ചു.
ഒരു മുറിയും ഹാളും അല്ലെങ്കിൽ സ്റ്റുഡിയോയും ഉള്ള ഒരു താമസസ്ഥലത്തിന് രണ്ട് പെർമിറ്റുകളും രണ്ട് മുറികളും ഹാളും ഉള്ള ഒന്നിന് 3 പെർമിറ്റുകളും 3 മുറികളും ഒരു ഹാളും ഉള്ള ഒരാൾക്ക് 4 പെർമിറ്റുകളും സൗജന്യമായി ലഭിക്കും. അപേക്ഷ നൽകി രണ്ട് ദിവസത്തിനകം അനുമതി ഇമെയിൽ വഴി ലഭ്യമാക്കും
അതേസമയം എല്ലാ താമസക്കാർക്കും സീസണൽ പാർക്കിംഗ് പെർമിറ്റുകൾ ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു. ഇവ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.
1. A: ഈ പെർമിറ്റ് ദുബായിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ A,B,C, D എന്നിവയിൽ ഉപയോഗിക്കാം.
2. ബി: പണമടച്ചുള്ള പാർക്കിംഗ് മേഖലകളായ ബി, ഡി എന്നിവയിൽ മാത്രമേ ഈ വിഭാഗം ഉപയോഗിക്കാൻ കഴിയൂ.
ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, നോളജ് വില്ലേജ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദേര ഫിഷ് മാർക്കറ്റ്, ദുബായ് സിലിക്കൺ ഒയാസിസ്, ഗോൾഡ് സൂക്ക് എന്നിവ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും പണമടച്ചുള്ള പാർക്കിംഗ് പെർമിറ്റുകൾ ഉപയോഗിക്കാം.
പാർക്കിംഗ് കാർഡുകളുടെ വില
വിഭാഗം എ:
- 1 മാസം: ദിർഹം 500
- 3 മാസം: ദിർഹം 1400
- 6 മാസം: ദിർഹം 2,500
- 12 മാസം: ദിർഹം 4,500
വിഭാഗം ബി:
- 1 മാസം: ദിർഹം 250
- 3 മാസം: ദിർഹം 700
- 6 മാസം: ദിർഹം 1,300
- 12 മാസം: ദിർഹം 2,400