അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധനാ ഫലം ലഭിക്കുന്ന സ്ക്രീനിങ് സെൻ്റർ (സ്മാർട്ട് സാലിം) സേവനവുമായി ദുബായ്. ദുബായ് നോളജ് പാർക്കിലാണ് അതിവേഗ റിസൽട്ട് ലഭ്യമാകുന്ന സ്മാർട്ട് സാലിം സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.
ദിവസേന അഞ്ഞൂറ് പേർക്ക് സേവനം നൽകാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്.
രക്തശേഖരണത്തിനായി അഞ്ച് മുറികൾ, രണ്ട് എക്സ്-റേ യൂണിറ്റുകൾ, ലബോറട്ടറി, ആറ് സ്മാർട്ട് ചെക്ക്-ഇൻ കിയോസ്കുകൾ തുടങ്ങി നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് ആരോഗ്യവിഭാഗം ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി, ദുബായ് അക്കാദമിക് ഹെൽത്ത് കോർപറേഷൻ സിഇഒയും മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് പ്രസിഡൻ്റുമായ ഡോ. അമർ അഹമ്മദ് ഷെരീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
നേരത്തെ, 320 ദിർഹം അടച്ച് എടുക്കുന്ന സാധാരണ മെഡിക്കൽ പരിശോധനാ ഫലം 24 മണിക്കൂർ കഴിഞ്ഞാണ് ലഭിക്കുക. 750 ദിർഹം അടച്ചാൽ നാല് മണിക്കൂറിനകം ലഭിക്കുന്ന വിഐപി സേവനവും നിലവിലുണ്ട്. എന്നാൽ സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് അര മണിക്കൂറിനകം ഫലം ലഭിക്കുന്ന പുതിയ സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചത്.