പാർക്ക് ചെയ്ത വാഹനത്തിൽ ഡ്രൈവർ ഇരുന്നാൽ പാർക്കിങ് ഫീസ് അടയ്ക്കേണ്ടെന്ന ധാരണ തെറ്റാണെന്ന് ഷാർജ മുനിസിപ്പാലിറ്റി. പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വാഹനത്തിൽ ഡ്രൈവർമാർ ഇരിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.
ഷാർജയിൽ പേ പാർക്കിങ് കേന്ദ്രങ്ങളിൽ പരിശോധന വർധിപ്പിച്ചു. സംശയമുണ്ടെങ്കിൽ മുനിസിപ്പാലിറ്റി കോൾ സെൻ്ററിലേക്ക് 901 നമ്പറിൽ വിളിക്കാം. ദീർഘനേരം വാഹനത്തിൽ ഇരിക്കേണ്ടവർ ഫീസ് അടച്ച ശേഷം ഇരിക്കണം. അല്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും. പാർക്കിങ് ഫീസ് അടയ്ക്കാൻ 10 മിനിറ്റ് സാവകാശം നൽകും. ഇതിനകം മെഷീൻ വഴിയോ എസ്എംഎസ് വഴിയോ മൊബൈൽ ആപ് വഴിയോ ഫീസ് അടച്ചാൽ മതിയാകും.
രണ്ടു വാഹനങ്ങളുടെ സ്ഥലം കയ്യേറി പാർക്ക് ചെയ്യുന്നതും ഫീസ് നൽകാതെ വാഹനം നിർത്തുന്നതുമാണ് നിരീക്ഷണത്തിൽ കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങളെന്ന് അധികൃതർ പറഞ്ഞു.
എല്ലാ സ്ഥലത്തും വെള്ളിയാഴ്ച പാർക്കിങ് സൗജന്യമല്ലാത്തതിനാൽ പാർക്ക് ചെയ്യുന്ന സ്ഥലത്തെ നിയമം മനസ്സിലാക്കി പ്രവർത്തിക്കണം. പൊതു അവധി ദിവസങ്ങളിലടക്കം പാർക്കിങ് ഫീസ് നൽകേണ്ട മേഖലകളുണ്ട്. നീല നിറമുള്ള ബോർഡുകളിൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളുണ്ട്. റമദാനിൽ രാവിലെ 8 മുതൽ രാത്രി 12 വരെയാണ് പാർക്കിങ് നിരക്ക് ഈടാക്കുക.