വിചാരണ പൂർത്തിയായെങ്കിൽ പിഡിപി ചെയർമാൻ അബദുൾ നാസർ മദനിയെ കേരളത്തിലേക്ക് മടങ്ങാൻ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി.ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അബ്‍ദുൾ നാസർ മദനി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നും സുപ്രീം കോടതിയുടെ ചോദ്യം. ബംഗളുരു സ്ഫോടനകേസിൽ അന്തിമ വാദം മാത്രമാണ് ഇനിയുളളതെന്നും ഈ സാചഹര്യത്തിൽ മദനി ബംഗളുരുവിൽ തുടരേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് അജയ് റസ്തോഗ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൻ്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് മദനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, ഹാരിസ് ബീരാനും ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയായത് സംബന്ധിച്ച രേഖകളും സുപ്രീം കോടതിക്ക് കൈമാറി.
മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് കർണാടക സർക്കാർ കോടതിയിൽ വാദിച്ചു കോയമ്പത്തൂർ സ്ഫോടന കേസിലുൾപ്പടെ മദനി പ്രതി ആയിരുന്നുവെന്നും കർണാടക സർക്കാർ ചൂണ്ടിക്കാട്ടി. നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബെംഗളൂരുവു വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഈ കേസുകളിൽ മദനി കുറ്റ വിമുക്തനായതായി അഭിഭാഷകർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മദനി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്ന് സുപ്രീം കോടതി കർണാടക സർക്കാരിനോട് ആരാഞ്ഞു. കർശന വ്യവസ്ഥകൾ ഉണ്ടായിരുന്നെന്നും അതിനാൽ ലംഘനം ഉണ്ടായിട്ടില്ലെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കർണാടകയോട് വിചാരണ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത് ഏപ്രിൽ-13 ലേക്ക് മാറ്റി.