കഴിഞ്ഞ വർഷം ദുബായിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഷെയ്ഖ് സായിദ് റോഡിലെ ടോൾ ഗേറ്റുകളിലാണെന്ന് സാലിക് കമ്പനിയുടെ കണക്കുകൾ. അൽ ബർഷ, അൽ സഫ, അൽ ഗർഹൂദ് ഗേറ്റുകളിലൂടെയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോയത്.കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ മൊത്തം യാത്രകളുടെ 50 ശതമാനത്തിലേറെയും ഈ മൂന്ന് ഗേറ്റുകളിൽ നിന്നാണെന്നും സാലിക് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ദുബായ്-ഷാർജ അൽ ഇത്തിഹാദിലെ റോഡിലെ നീണ്ട ട്രാഫിക് ക്യൂകൾ കണക്കിലെടുക്കുമ്പോൾ ദുബായിലെ ഏറ്റവും തിരക്കേറിയത് അൽ മംസാർ ടോൾ ഗേറ്റ്സ് ആണെന്ന് തോന്നലുണ്ടാക്കുമെങ്കിലും കണക്കുകളിൽ പിന്നാലാണെന്നും സാലിക് വ്യക്തമാക്കി.സാലിക് ഗേറ്റുകളിൽ ഒരു വാഹനത്തിന് 4 ദിർഹം വീതമാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം മൊത്തം 539.1 ദശലക്ഷം യാത്രകളാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ 481.2 ദശലക്ഷം യാത്രകളിൽ നിന്ന് 12 ശതമാനം വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു.
2022ൽ അൽ ബർഷ ടോൾ ഗേറ്റ് മൊത്തം റോഡ് ട്രിപ്പുകളുടെ 20 ശതമാനവും അൽ സഫ 19.1 ശതമാനവും അൽ ഗർഹൂദിൽ 14.5 ശതമാനവും വഹിച്ചു. 2022 ഡിസംബർ 31 വരെ 3.7 ദശലക്ഷം വാഹനങ്ങൾ സാലിക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സൗജന്യ സാലിക് ടാഗുകളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയിലധികം വർധിച്ചെന്നും ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് എന്നിവ യഥാക്രമം 13 ശതമാനവും 12 ശതമാനവുമാണ് സംഭാവന ചെയ്യുന്നത്. അൽ മക്തൂം (8.8 ശതമാനം), ജബൽ അലി (7.1 ശതമാനം), എയർപോർട്ട് ടണൽ (4.8 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ഗേറ്റുകളിലെ കണക്കുകൾ.