പാസ്പോർട്ടിൽ യുഎഇ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തിവെച്ചതായി ഫെഡറല്‍ അതോറിറ്റി. ദുബായ് ഒഴികെയുളള എമിറേറ്റുകളിലാണ് പ്രത്യേക എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താൽക്കാലികമായി നിർത്തിവച്ചത്. നിലവിൽ അപേക്ഷിവര്‍ക്ക് മാത്രമേ സേവനങ്ങൾ ലഭ്യമാകൂവെന്നും ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.
വിസയ്ക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ് െഎഡി ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. ആദ്യഘട്ടം എന്ന നിലയില്‍ ദുബായ് ഒഴികെ ആറ് എമിറേറ്റുകളിലാണ് എല്ലാ വിഭാഗം താമസക്കാർക്കുമുളള പ്രത്യേക എമിറേറ്റ്സ് ഐഡി നല്‍കല്‍, പുതുക്കൽ സേവനങ്ങൾ 2022 മെയ് 16 മുതൽ താൽക്കാലികമായി നിർത്തിവെച്ചത്. റെസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഇനി മുതല്‍ ഏകീകൃത അപേക്ഷകൾ ഉപയോഗിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
പാസ്പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന പതിവ് 2022 ഏപ്രിൽ 11 മുതൽ യുഎഇയിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതേ സമയം സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഐഡന്റിറ്റി കാർഡിന്റെ ഇലക്ട്രോണിക് പകർപ്പ് നേടാന്‍ അവസരമുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും അവരുടെ സംതൃപ്തി വർദ്ധിപ്പിക്കുകയുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും അതോറിറ്റി വ്യക്തമാക്കി.