കെഎസ്ആര്‍ടിസി എന്നും വാർത്തകളിലെ താരമാണ്. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികൾ ആണെങ്കിൽ രൂക്ഷമാണ് താനും. അതിനിടയിലാണ് പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്മെന്റ് സ്കൂളിലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും കൂട്ടായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയാണ് ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കാമെന്ന ആശയത്തിന്റെ ഉടമ. ഈ ആശയം ഗതാഗതമന്ത്രി ആന്റണി രാജു അംഗീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുക. മുൻപ് മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ എഴുപത്തഞ്ചോളം ബസുകള്‍ തുരുമ്പെടുത്ത് നശിച്ച അവസ്ഥയുമുണ്ടായി. നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് ക്ലാസ് മുറികൾക്കായി പരിഗണിക്കുന്നത്.