കുവൈത്തിലെ പ്രധാന പള്ളിയായ ഗ്രാൻഡ് മസ്ജിദ് വീണ്ടും തുറന്നു. അറ്റകുറ്റപ്പണികളും കോവിഡും കാരണം മൂന്നുവർഷത്തെ അടച്ചിടലിന് ശേഷമാണ് റമദാൻ കാല പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മസ്ജിദ് തുറന്ന് നൽകിയത്.
റമദാനിലെ തറാവീഹ്, രാത്രി നമസ്കാരങ്ങൾക്കായി മസ്ജിദ് തുറന്നിടും. 60,000ലധികം ആളുകളെ ഉൾക്കൊള്ളാൻ വലുപ്പമുളളതാണ് ഗ്രാൻഡ് മസ്ജിദ്. ഏകദേശം 45,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് മസ്ജിദിനുളളത്. റമദാൻ തിരക്ക് കണക്കിലെടുത്ത് പള്ളിയിലും പരിസരത്തുമായി വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാനുന്നതിനും പ്രാർത്ഥനകൾക്കും ഖുർആൻ പാരായണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിന് പത്ത് ഇമാമുകളെ നിയമിച്ചെന്നും അധികൃതർ സൂചിപ്പിച്ചു. ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സാംസ്കാരികകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി തറാദ് അൽ എനിസിയാണ് ഇക്കാര്യം അറിയിച്ചത്.
റമദാനോട് അനുബന്ധിച്ച് മതപഠന ക്ലാസുകളും പ്രവാചകൻ്റെ ജീവചരിത്രത്തിൻ്റെ മൂന്നാമത് പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. തിരക്കിന് അനുസൃതമായി വിശ്വാസികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഇടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.