2019 ലോക്സഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷയും 15,000 രൂപ പിഴയും വിധിച്ച് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച കോടതി കേസിൽ രാഹുലിന് ജാമ്യം അനുവദിച്ചു. മോദി എന്ന സമുദായ പേരിനെക്കുറിച്ച് നടത്തിയ പരാമര്ശത്തിനെതിരെയായിരുന്നു കേസ്. നാല് വർഷമായി വിചാരണ നടക്കുന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
ബിജെപി നേതാവ് പൂർണേഷ് മോദിയാണ് രാഹുലിൻ്റെ പരാമർശത്തിനെതിരെ കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ചുകൊണ്ട് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിൻ്റെ ചോദ്യം.
2019 ഏപ്രിൽ 13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുൽ ഗാന്ധിയുടെ പരമാർശം. ‘‘എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’’– ഇതായിരുന്നു പ്രസ്താവനയുടെ പൂർണരൂപം. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും അന്ന് കുറ്റപ്പെടുത്തിയിരുന്നത് വിവാദമായിരുന്നു.
രാഹുലിൽ നടത്തിയ പരാമർശം മോദി എന്നു പേരുള്ളവരെയെല്ലാം അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു പൂർണേഷ് മോദിയുടെ ആരോപണം. തനിക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂർണേഷ് മോദി കോടതിയിൽ പറഞ്ഞിരുന്നു. ഈ കേസിൽ നടപടിക്രമങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കിയതിനെ തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയുകയായിരുന്നു.