ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
നിലവില്‍ 7026 പേര്‍ക്ക് രാജ്യത്ത് രോഗബാധയുണ്ടെന്നാണ് കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയും ഉയര്‍ന്നു. ഇന്നലെ അഞ്ചു കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 5,30,813 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രികളിലെത്തുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഐസിയു, വെൻ്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകളും വര്‍ധിപ്പിക്കും.
കേരളത്തിൽ ചൊവ്വാഴ്ച 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേരള ആരോഗ്യ വകുപ്പ് അറിയിച്ചു.