റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയിലേത്ത് സംഭാവനകളും സഹായങ്ങളും എത്തിത്തുടങ്ങി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആഹ്വാനം ഏറ്റെടുത്ത് രണ്ട് കമ്പനികൾ ചൊവ്വാഴ്ച 70 ദശലക്ഷം ദിർഹം മൂല്യമുള്ള സംഭാവനകൾ പ്രഖ്യാപിച്ചു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) ആരംഭിച്ച പ്രോജക്‌ടുകളെ പിന്തുണയ്‌ക്കുന്നതിന് അഞ്ച് വർഷത്തേക്ക് 50 മില്യൺ ദിർഹം സംഭാവന ചെയ്യുമെന്ന് അൽ അൻസാരി എക്‌സ്‌ചേഞ്ച് വ്യക്തമാക്കി. മറ്റോരു കമ്പനിയായ ദുബായ് ഡ്യൂട്ടി ഫ്രീ മൂന്ന് വർഷത്തേക്ക് 20 ദശലക്ഷം ദിർഹം സംഭാവനയാണ് പ്രഖ്യാപിച്ചത്. 2023ലെ റമദാൻ കാമ്പെയ്‌നും ഇതിൽ ഉൾപ്പെടുന്നു.
ലോകത്താകമാനമുളള 50 രാജ്യങ്ങളിലെ നിരാദ്ധനരുമായ ആളുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതാണ് വൺ ബില്യൺ മീൽസ് പദ്ധതി. കഴിഞ്ഞ വർഷങ്ങളി വിജയകരമായി പൂർത്തിയാക്കിയ പദ്ധതിയാണിത്. ലോകം നേരിടുന്ന ഭക്ഷ്യക്ഷാമത്തിനും പോഷകാഹാരക്കുറവിനും സുസ്ഥിര പരിഹാരം കാണുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. അർഹരായവർക്ക് സഹായമെത്തിക്കുന്നതിൽ യുഎഇ സ്വീകരിക്കുന്ന മാനുഷിക നിലപാടുകളും വ്യക്തമാക്കുന്നതാണ് വൺ ബില്യൺ മീൽസ് പദ്ധതി.