ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ നാള്‍വഴികൾ പറയുന്ന ഡോക്യുമെൻ്ററി ‘ദി വയല്‍: ഇന്ത്യാസ് വാക്‌സിന്‍ സ്റ്റോറി’ ഹിസ്റ്ററി ടിവി 18 നിലൂടെ സംപ്രേഷണത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് സംപ്രേഷണം.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതികളിലൊന്നായിരുന്നു രാജ്യത്ത് നടന്നത്. ഡോക്യുമെൻ്ററിയില്‍ അവതാരകനാകുന്നത് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ് ആണ്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കോവിഡ് രൂക്ഷമായ സമയത്ത് രാജ്യം വാക്‌സിന്‍ വികസിപ്പിക്കുന്നതും രാജ്യത്ത് നല്‍കുന്നതും വിദേശത്തേക്ക് കയറ്റി അയക്കുന്നതുമാണ് ഇതിവൃത്തം.
പ്രധാനമന്ത്രി നരേന്ദ്രമോദി, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, ഐസിഎംആർ ശാസ്ത്രജ്ഞന്‍ ഡോ. സുമിത് അഗര്‍വാൾ തുടങ്ങിയവരും ഡോക്യുമെൻ്ററിയിലുണ്ട്. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് ഈ ഡോക്യുമെൻ്ററിയെന്ന് അവതാരകനായ മനോജ് ബാജ്‌പേയ് പറഞ്ഞു. നമ്മള്‍ ഇന്ന് ധൈര്യപൂര്‍വം വീടിന് പുറത്തിറങ്ങാൻ കാരണം ആരോഗ്യപ്രവര്‍ത്തകരാണെന്നും താരം വ്യക്തമാക്കി. ഈ ഡോക്യുമെൻ്ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.