ദുബായിൽ പരമ്പരാഗത ടാക്സിയുടെ സ്ട്രീറ്റ് ഹെയ്ലിൽ നിന്ന് 80 ശതമാനം ടാക്സികളും ഇ-ഹെയ്ലിംഗിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 2022ല്‍ ദുബായില്‍ ടാക്സി യാത്രകളില്‍ 30 ശതമാനവും ഹാല ഇ-ഹെയ്ലിംഗ് റൈഡുകളായിരുന്നു. ഈ വിജയത്തിന് പിന്നാലെ 80 ശതമാനവും ടാക്സി സര്‍വീസുകള്‍ വരും വര്‍ഷങ്ങളില്‍ ഇ-ഹെയ്ലിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി ദുബായി ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മാറ്റാര് അല്‍ തായര്‍ പറഞ്ഞു.
നേരിട്ട് ടാക്സി വിളിക്കാതെ, യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് ഇ-ഹെയ്ലിംഗ്. സ്ട്രീറ്റ് ഹെയിലിംഗിൽ നിന്ന് വ്യത്യസ്തമായി ടാക്സികള്‍ ഇ ഹെയ്ല്‍ സേവനത്തിലേക്ക് മാറ്റുന്നത് ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി മാറ്റാനുള്ള സര്‍ക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമായാണ്. ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ ടാക്സി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗമായും ഇ-ഹെയ്ലിംഗ് മാറിക്കഴിഞ്ഞു.