മലപ്പുറത്തു നിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കര്‍ബല, നജഫ് തുടങ്ങിയ സ്ഥലങ്ങൾ കൂടി സന്ദര്‍ശിച്ചാകും യാത്രയെന്ന് ശിഹാബ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
ഇറാഖിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് സൗദിയിലേക്കും കടക്കാനാണ് പദ്ധതി. ഇതോടെ കാല്‍നടയായി ഹജ്ജ് തീര്‍ത്ഥാടനം പൂർത്തീകരിക്കുകയെന്ന ആഗ്രഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ശിഹാബ് പറഞ്ഞു.
2022 ജൂണ്‍ രണ്ടിനാണ് മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ കാല്നടയായി യാത്ര തുടങ്ങിയത്. കഴിഞ്ഞ മാസം പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാകിസ്ഥാൻ ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ച പാകിസ്ഥാൻ വിസ നല്‍കിയതോടെയാണ് യാത്ര തുടർന്നത്. രാജ്യസുരക്ഷാ പ്രശ്നം മൂലം വിമാനമാർഗമാണ് ഇറാനിലെത്തിയത്.