ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും തകർത്തഭിനയിച്ച മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്കെന്ന് റിപ്പോർട്ടുകൾ. വിപിൻ ദാസിൻ്റെ സംവിധാനത്തിലിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്നാണ് സൂചന.
‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട് ബോളിവുഡ് നടൻ ആമിര്‍ ഖാൻ റീമേക്കിന് സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിച്ചിരിക്കുകയാണ്. മുംബൈയിലെത്തിയ വിപിൻ ദാസിനെ ‘ജയ ജയ ജയ ജയ ഹേ’യ്ക്കുള്ള പ്രശംസകൾ അറിയിക്കുകയും ചെയ്തു ആമിര്‍ ഖാൻ.
വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. ചിയേഴ്സ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിലായിരുന്നു ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളായെത്തിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേയുടേതാണ് സംഘട്ടന രംഗങ്ങൾ.