വേൾഡ് എക്സ്പോ 2030 നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അന്താരാഷ്ട്ര എക്സിബിഷൻ പ്രതിനിധി സംഘം സൌദി തലസ്ഥാനമായ റിയാദിലെത്തി. അന്താരാഷ്ട്ര എക്സിബിഷൻ മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാൻ പാട്രിക് സ്പെക്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിലെത്തിയത്. മേളയ്ക്ക് ആതിഥേയത്വം വഹിക്കാനുളള സൌദിയുടെ അപേക്ഷയിൽ വിലയിരുത്തുൾ നടത്താനാണ് സംഘം സൌദിയിലെത്തിയത്.
അഞ്ചു ദിവസത്തെ സന്ദർശനത്തിനിടയിൽ സംഘം ഭരണാധികാരികളുമായി ചർച്ചകൾ നടത്തും.വിദഗ്ദ്ധരുമായും കൂടിക്കാഴ്ചകൾ ഉണ്ടാകും.എക്പോ നടത്തിപ്പുമായി ബന്ധപ്പെട്ട സൌകര്യങ്ങൾ, സാമ്പത്തിക വിനിയോഗം എന്നിവയാണ് പ്രധാന വിഷയങ്ങളാകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സൗദി അറേബ്യ വേൾഡ് എക്പോ 2030 നടത്താൻ താത്പര്യം അറിയിച്ചത്. വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുയോജ്യമായ ഒരു ആഗോള സ്ഥാനമാക്കി സൌദിയെ മാറ്റുകയെന്നതും ലക്ഷ്യമാണ്.
“ഒരു ദീർഘവീക്ഷണമുള്ള നാളേക്ക് വേണ്ടി” എന്നതാണ് സൌദി എക്പോ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സംഘത്തെ സ്വീകരിച്ചു. എക്സിബിഷൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നതായി റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് പറഞ്ഞു. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ-സ്വാഹയുമായും സംഘം കൂടിക്കാഴ്ച നടത്തി.
2023 നവംബറിൽ നടക്കാനിരിക്കുന്ന ഒരു പൊതു അസംബ്ലിയിലാണ് വേൾഡ് എക്സ്പോ 2030 ൻ്റെ ആതിഥേയ രാജ്യത്തെ അംഗരാജ്യങ്ങൾ തെരഞ്ഞെടുക്കുക. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രെയ്ൻ, റഷ്യ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ആഗോള ഇവൻ്റിന് ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്നത്.