മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ മുന്നിലെത്തി എംഎ യൂസഫലി.ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് പുറത്തുവിട്ട പട്ടകയിലാണ് എംഎ യുസഫലി മുന്നിലെത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമാണ് എം.എ യൂസഫലി.
ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി പഗറാണിയാണ് പട്ടികയിൽ രണ്ടാമതെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡ്നൻ ചിൽവാൻ മൂന്നാതായും ഇടംപിടിച്ചു.ഗൾഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്വാധീനമുള്ള യൂസഫലിക്ക് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും അടുത്ത ബന്ധമാണുളളത്.
യുഎഇയിലെ വാണിജ്യ ജീവകാരുണ്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നേരത്തെ യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർമാർക്കകളാണ് ലുലു ഗ്രൂപ്പിനുളളത്. 23 രാജ്യങ്ങളിലായി ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പിനുണ്ട്.