കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുളള പോരാട്ടത്തിലും ലോകത്തെ ഭക്ഷ്യ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും യുഎഇ നടത്തുന്ന ദൗത്യത്തിൻ്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യയും യുഎസും.അബുദാബിയിൽ നടന്ന അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റ് (എഐഎം ഫോർ ക്ലൈമറ്റ്) പരിപാടിയിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്.
ആഗോളതാപനത്തിനും വിളകളെ നശിപ്പിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾക്കുമിടെ ഭക്ഷ്യ ഉൽപ്പാദനം സംരക്ഷിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ I2U2, AIM എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ കാലാവസ്ഥാ വ്യതിയാനം, സ്മാർട്ട് കൃഷി, അന്താരാഷ്ട്ര സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ നിർണായക നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. സ്‌കോട്ട്‌ലൻഡിലെ Cop26-ൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇക്കാര്യത്തിന് മുൻകൈയെടുത്തിരുന്നു.
അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷനിൽ ഭാഗമാകാനുളള യുഎസിൻ്റേയും ഇന്ത്യുയുടേയും നീക്കത്തെ യുഎഇ സ്വാഗതം ചെയ്യുന്നതായി യുഎഇ സഹമന്ത്രി അഹമ്മദ് അൽ സയേഗ് പറഞ്ഞു.ഇതിനിടെ 40-ലധികം രാജ്യങ്ങളുടെ സഖ്യം ഇതുവരെ കുറഞ്ഞത് 8 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ജോസ് ഫെർണാണ്ടസ്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ദമ്മു രവി, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള റോണൻ ലെവി എന്നിവർ പങ്കെടുത്തു.
ചെറുകിട കർഷകരെ, പ്രത്യേകിച്ച് സ്ത്രീകളെയും, ലോകത്തിലെ മാറുന്ന കാലാവസ്ഥയ്ക്ക് ഏറ്റവും സാധ്യതയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കമ്മ്യൂണിറ്റികളെയും പിന്തുണയ്ക്കുകയാണ് പ്രധാന നീക്കം. ശാസ്ത്രീയമായ വെർട്ടിക്കൽ ഫാമിംഗ്, ഹൈഡ്രോപോണിക്സ്, അക്വാകൾച്ചർ എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുണ്ട്. വരണ്ട രാജ്യങ്ങളിൽ വിളകൾ വളർത്തുന്നതിനായുളള സംരംഭങ്ങളും നടപ്പാക്കും.പരസ്പര സഹകരണത്തോടെ ഇന്ത്യയിൽ ഉൾപ്പടെ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം.