റാസൽഖൈമയിൽ വാരാന്ത്യ ഹൈക്കിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രിയക്കാരൻ വീണു മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഒരു കൂട്ടം കാൽനട യാത്രക്കാരോടൊപ്പം വാദി നഖബ് പാതയിലൂടെ സഞ്ചാരത്തിനെത്തിയ 27കാരനാണ് മരിച്ചത്.
യുവാവ് സംഘത്തില്‍നിന്ന് വേറിട്ട് സഞ്ചരിച്ചതായും ഒരു മണിക്കൂറിന് ശേഷം ക്രമീകരിച്ച മീറ്റിംഗ് പോയിന്റിൽ എത്തിയില്ലെന്നും ഇയാളുടെ സഹോദരി ഓസ്ട്രിയൻ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും യുവാവിനായി തെരച്ചില്‍ നടത്തുകയുമായിരുന്നു.
ദുബായ് പൊലീസിന്റെയും ചില താമസക്കാരുടെയും സഹായത്തോടെ റാസൽഖൈമ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ ഒരു ഓസ്ട്രിയൻ പൗരനെ കാണാതായതായി ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അബുദാബിയിലെയും മസ്‌കറ്റിലെയും ഓസ്ട്രിയൻ എംബസികൾ പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ബന്ധുക്കളൾക്ക് പിന്തുണനല്‍കുകയും ചെയ്തു.
ശൈത്യകാലത്ത് എമിറേറ്റ്സിലെ പർവതപ്രദേശങ്ങളിലെത്തുന്ന കാൽനട സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാറുണ്ട്. യുഎഇയിലെ ഏറ്റവും പ്രശസ്തമായ ഹൈക്കിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് വാദി നഖബ്. സന്ദര്‍ശകര്‍ മതിയായ സുരക്ഷ പാലിക്കണമെന്ന് പൊലീസ് മുന്നറിപ്പ് നല്‍കി.