സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്ക് ജോഡോ യാത്രയ്ക്ക് തുടക്കമായത്.
അതേസമയം, യാത്രയ്ക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മു കാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നും ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്ര തുടരില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് കെപിസിസി പൊതുസമ്മേളനം ചേരും. ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം മണ്ഡലങ്ങളിലാണ് പരിപാടി. ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപിയുടെ പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി വിമര്‍ശിച്ചു.