ഓഹരിവിലയില്‍ കൃത്യമത്വം കാട്ടി അദാനിഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ 20 ശതമാന വരെ ഇടിഞ്ഞു. ഗ്രൂപ്പിന് ശതകോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പ് തുടര്‍ ഓഹരി സമാഹരണം നടത്തുന്നതിനിടെയാണ് തിരിച്ചടി.
കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായി രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണ് ചൊവ്വാഴ്ചവരെ അദാനി ഗ്രൂപ്പ് നടത്തിയത്. എന്നാല്‍ ഹിന്‍ഡന്‍ ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞുവീണു.
രണ്ട് വര്‍ഷത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകളില്‍ അദാനാ ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചതിന്‍റെ രേഖകൾ കൈവശമുണ്ടെന്നും ഗവേഷണ സ്ഥാപനം വെളിപ്പെടുത്തി. റിപ്പോര്‍ട്ടിനൊപ്പം തങ്ങൾ ഉന്നയിച്ച 88 ചോദ്യങ്ങൾക്ക് മറുപടി നല്‍കാനും അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്നും ഹിന്‍ഡന്‍ബര്‍ജ് സൂചിപ്പിച്ചു.
അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. അടിസ്ഥാനരഹിത ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുളളതെന്നണ് വിശദീകരണം. ഇന്ത്യയിലെയും അമേരിക്കയിലെയും നിയമ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് അദാനിഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ അട്ടിമറിക്കാനുള്ള ശ്രമമാണ് പിന്നിലെന്നും ആരോപണം ഉണ്ട്.
ഒരു ദിവസം മാത്രം ഒരുലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് നേരിട്ടതെന്നാണ് സൂചനകൾ. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഇടഞ്ഞിരുന്നു. 46,000 കോടി രൂപയുടെ നഷ്ടമാണ് അദാനിക്ക് ഇതിലൂടെ നേരിട്ടത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങൾ എത്തിയതോടെ തകര്‍ച്ചയുടെ ആക്കം കൂടുകയായിരുന്നു.
വെള്ളിയാഴ്ച ഓഹരി വ്യാപാരം ആരംഭിച്ചതു മുതൽ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സിലും നിഫ്റ്റിയിലും വലിയ ഇടിവ് പ്രകടമായി. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ.