യുഎഇയിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങൾ ഉറപ്പാക്കുന്ന മാറ്റങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേതഗതികൾ ഫെബ്രുവരി ഒന്നിന് നിലവില്‍ വരും. ഏറ്റവും പുതിയ തൊഴിൽ നിയമം അനുസരിച്ച് അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ ഫ്രീ സോണുകൾ എന്നിവയിലല്ലെങ്കിൽ എല്ലാ തൊഴിലുടമകളും ഫെബ്രുവരി 1 മുതല്‍ നിശ്ചിത കാലയളവ് രേഖപ്പെടുത്തിയ തൊഴില്‍ കരാറുകൾ കൈമാറണം. തൊഴിലാളികൾക്ക് നല്‍കിവന്ന അനശ്ചിതകാല കരാറുകൾ നിര്‍ത്തലാക്കിയ പശ്ചാത്തലത്തിലാണിത്.
എന്നാല്‍ ഫ്രീസോണുകൾക്ക് പുറമെ ഗാർഹിക തൊഴിലാളികളേയും ജോലി ചെയ്യുന്ന കുടുംബങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ പുതുക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ദൈനംദിന തൊഴിലിനെ ബാധിക്കാത്ത തരത്തിലാണ് പുതിയ മാറ്റങ്ങൾ. സ്വകാര്യ മേഖലയിലെ തൊഴിൽ മേഖല പുനരുദ്ധാരിക്കുന്നതിനായി 1980-ൽ ആദ്യമായി കൊണ്ടുവന്ന നിയമത്തിലാണ് ഭേതഗതി. പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി, ജോലി പങ്കിടൽ, പ്രോജക്റ്റ് അധിഷ്‌ഠിത ജോലികൾ എന്നിവയ്ക്കും അവസരമുണ്ട്.
വിസകൾക്ക് അനുസൃതമായി കാലാവധികൾ നിശ്ചയിക്കുന്ന കരാറുകളാണ് സാധാരണയായി നല്‍കിയിരുന്നത്. പരിധി നിശ്ചയിച്ചുളള തൊഴില്‍ കരാറുകളില്‍ കാലാവലധി രേഖപ്പെടുത്താം. കാലാവധിക്ക് മുമ്പ് കരാര്‍ അവസാനിപ്പിക്കാന്‍ ഒരുമാസം മുന്‍കൂര്‍ നോട്ടീസ് നല്‍കണം. കരാര്‍ ലംഘിക്കുന്നവര്‍ കക്ഷിക്ക് നഷ്ടപരിഹാരവും നല്‍കണം. എന്നാല്‍ കാലപരിധി നിശ്ചയിക്കാത്ത കരാറുകളില്‍ കാലയളവ് രേഖപ്പെടുത്താറില്ല. സേവന കാലദൈര്‍ഘ്യം അനുസരിച്ച് തൊഴിലാളിക്ക് ആനുകൂല്യത്തിനും അര്‍ഹതയുണ്ട്.
ഗ്രീന്‍വിസ, ഗോൾഡന്‍വിസ, റിമോട്ട് വര്‍ക്ക് വിസ തുടങ്ങി മറ്റ് വിസക്കാര്‍ക്കും തൊഴിലെടുക്കാനുളള അനുവാദം നല്‍കുന്നതാണ് പുതിയ മാറ്റം. തൊഴില്‍ നൈപുണ്യം കുറഞ്ഞവരുമായി ഹ്രസ്വകാല കരാറുകളില്‍ ഏര്‍പ്പെടാനുളള അവസരം സ്പോണ്‍സര്‍മാര്‍ക്കും ഗുണം ചെയ്യുന്നതാണ്.