ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്. ഫെബ്രുവരിയിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് രണ്ടാം ബാച്ച് ചീറ്റകളും എത്തുക. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്ക ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് നിന്നുള്ള വിദ്ഗധ സംഘം ഉടന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുമെന്നാണ് സൂചന. ചീറ്റകളില്‍ 12 എണ്ണവും ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളിലായി ക്വാറൻ്റീനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാം ബാച്ചിലെ 12 ചീറ്റകളില്‍ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ഫെബ്രുവരിയോടെ ചീറ്റകളെ എത്തിക്കുമെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ജെ.എസ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിലവിൽ എട്ടു ചീറ്റകളുണ്ട്. സെപ്റ്റംബര്‍ 17നാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പരിസരവുമായി നല്ല രീതിയില്‍ ഇണങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. 1952ലാണ് വേട്ടയാടൽ മൂലം രാജ്യത്ത് ഏഷ്യാറ്റിക് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.