അഡ്നോക് പെട്രോൾ പമ്പുകൾ പൂര്‍ണമായും സൗരോർജത്തിലേക്കു മാറുന്നു. പത്ത് വർഷത്തിനകം എല്ലാ ഇന്ധന വിതരണ കേന്ദ്രങ്ങളും സൗരോർജത്തിന്‍റെ പരിധിയിലേക്ക് മാറ്റാനാണ് നീക്കം. 2030 ഓടെ കാർബൺ തീവ്രത 25 ശതമാനം കുറയ്ക്കാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് നീക്കം.
ഇ.വി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം പവർ സർവീസ് സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ ജൈവ ഇന്ധനത്തിന്‍റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കും. ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉര്‍ജ്ജം സുസ്ഥിരമായി ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും. പുതിയ സർവീസ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് പരമ്പരാഗത കോൺക്രീറ്റിനേക്കാൾ കാർബൺ കുറഞ്ഞ “ഗ്രീൻ കോൺക്രീറ്റ്” ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വരും കാലത്ത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് കാർബൺ ഉദ്‌വമനം കുറക്കുന്നതിനൊപ്പം ഡീകാർബണൈസ് ചെയ്യാനുള്ള ഇടപെടലുകളും അനിവാര്യമാണ്. യുഎഇ സ്വീകരിക്കുന്ന നയങ്ങൾക്ക് പിന്തുണയുമായാണ് കോര്‍പ്പറേഷന്‍റെ നീക്കമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ സിഇഒ ബദർ സയീദ് അൽ ലംകി പറഞ്ഞു. യുഎഇയിലേയും സൗദിയിലേയും അഡ്നോക് കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും.