രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എംപിയായ സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ ഫില്ലുരിൽ വച്ച് രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എംപിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾ ഫഗ്വാരയിലെ ആശുപത്രിയിലെത്തി. കോൺഗ്രസ് എംപിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എംപിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം എംപിയുടെ മരണത്തെത്തുടർന്ന് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവച്ചു.