വാരാണസിയിൽ തുടങ്ങി ബംഗ്ലദേശ് വഴി അസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവർ ക്രൂയിസ് ടൂറിസ’ത്തിൻ്റെ പുതിയ യുഗത്തിനാണ് തുടക്കമായത്. ഫ്ലാഗ് ഓഫ് കൂടാതെ 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
51 ദിവസം നീണ്ട ജലയാത്രയിൽ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റർ ദൂരം പിന്നിടും. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാവിലാസിൽ 3 ഡെക്കുകളും 18 സ്വീറ്റുകളുമുണ്ട്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ സജ്ജമാണ്. ആദ്യയാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്ന് 32 സഞ്ചാരികളുണ്ട്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതമാണ് ചെലവാകുക. ഏകദേശം 13 ലക്ഷം രൂപ ഒരാൾക്ക് ആകെ ചെലവാകും.