2022ല്‍ ദുബായ് നഗരത്തിലേക്കെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കോവിഡ് വിലക്കുകൾ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷം എന്ന നിലയില്‍ സന്ദര്‍ശകരുടെ വലിയ ഒഴുക്കാണുണ്ടായത്.. ഏകദേശം 23.7 ദശലക്ഷം സഞ്ചാരികൾ 12 മാസത്തിനുളളില്‍ എത്തിയെന്നാണ് രേഖകൾ. 2021ലേതിനേക്കാൾ
89 ശതമാനം കൂടുതല്‍ സന്ദര്‍ശകരെത്തിയെന്നും രേഖകൾ വ്യക്തമാക്കുന്നു.
സന്ദര്‍ശകരില്‍ 21.8 ദശലക്ഷം പേര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ദുബായിലെത്തിയത്. 1.6 ദശലക്ഷം പേര്‍ കരമാര്‍ഗമുളള അതില്‍ത്തികൾ വഴിയും 242,700 പേര്‍ തുറമുഖങ്ങള്‍ വഴിയുമാണ് എത്തിയത്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ബിസിനസ്സ് ഹബ്ബ് എന്ന നിലയിലും ദുബായ് സന്ദര്‍ശകരെ സ്വാഗതം ചെയ്തു. പുതുവര്‍ഷ രാത്രിയില്‍ മാത്രം 107,082 പേരെ ആകര്‍ഷിക്കാന്‍ ദുബായ്ക്ക് കഴിഞ്ഞെന്നും രേഖകൾ സൂചിപ്പിക്കുന്നു.
സന്ദര്‍ശകര്‍ ഏറിയതോടെ ഡിസംബറില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ വരവേറ്റ എയര്‍പോര്‍ട്ടായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറി. 46 ലക്ഷം പേരാണ് ഇതുവഴി യാത്ര ചെയ്തത്. നവംബറിനേക്കാള്‍ എട്ടു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. റെക്കോര്‍ഡ് പട്ടികയില്‍ തൊട്ടടുത്ത തിരക്കേറിയ വിമാനത്താവളമായ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിനേക്കാള്‍ പത്ത് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്.