സൗദി അറേബ്യയിലെ അൽ നാസർ ഫുട്ബോൾ ക്ലബ്ബ് അംഗമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അരങ്ങേറ്റം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0 ന് തോറ്റതിനെ തുടർന്ന് ആരാധകനോട് മോശമായി പെരുമാറിയതിനാണ് എഫ്എയുടെ അച്ചടക്ക നടപടി. രണ്ട് മത്സരങ്ങളിൽ വിലക്കാണ് ഏർപ്പെടുത്തിയത്.
സൗദി പ്രോ ലീഗില്‍ അൽ തായ്‌ക്കെതിരെ വ്യാഴാഴ്ച തന്റെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിലക്ക് അറിയിപ്പ് വന്നത്. കഴിഞ്ഞ നവംബറിൽ, റൊണാൾഡോയെ ഇംഗ്ലീഷ് എഫ്‌എ അനുചിതവും അക്രമാസക്തവുമായ പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എവർട്ടൺ തോൽവി കണ്ട് ക്ഷുഭിതനായ ആരാധകന്‍റെ ഫോൺ തകർത്ത സംഭവമാണ് വിനയായത്. വിലക്കിനൊപ്പം 50,000 പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.
നേരത്തെ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിനാൽ സസ്പെൻഷൻ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ റൊണാൾഡോ പുതിയ ക്ലബ്ബിൽ ചേരുമ്പോഴും വിലക്ക് ബാധകമായതിനാലാണ് അല്‍ നാസറിനൊപ്പമുളള രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാനാകാത്തത്. ഇതോടെ അൽ തായ്, അൽ-ഷബാബ് എന്നിവയ്‌ക്കെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
വിലക്കില്‍ റൊണാൾഡോയോ സൗദി ക്ലബോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. റൊണാൾഡോ വിട്ടുനിന്നാല്‍ ആരാധകര്‍ കാത്തിരുന്ന അരങ്ങേറ്റം ജനുവരി 21ന് ഇത്തിഫാക്കിനെതിരായ ഹോം മത്സരത്തിലാകുമെന്നാണ് സൂചനകൾ.