പുതുവത്സരത്തിൽ സംസ്ഥാനത്തെ 268 ഔട്ട്ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞതായി കണക്കുകൾ. എന്നാൽ ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിക്കപ്പെട്ടത്. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമായിരുന്നു കേരളത്തിൽ വിറ്റുപോയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് റം ആണ്.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ്. 1.12 കോടിയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രാമമാണ്. 96.59 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റഴിച്ചു.
ക്രിസ്മസ് ദിനത്തിലാകട്ടെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് വന്നിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില് ബെവ്ക്കോ ഔട്ട്ലെറ്റിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യം വിറ്റു. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് മലയളി വാങ്ങിയത്. അതേസമയം, 22, 23, 24 എന്നീ ദിവസങ്ങളിൽ ആകെ മദ്യവിൽപ്പന ഈ വര്ഷം വർധനയുണ്ടായി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ ചിലവായത്.
മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണാണ് കഴിഞ്ഞത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില് 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.