ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ പാതിരാനേരത്ത് നീലക്കടലായിരമ്പിയ ആരാധകർക്ക് മുന്നിൽ ലോകകിരീടമുയർത്തി മിശിഹയും മാലാഖയും ശിഷ്യന്മാരും. കാൽപ്പന്തുകളിയുടെ മാന്ത്രികൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയർ പൂർണമാക്കാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം അർജന്റീന സാക്ഷാത്കരിച്ചു; 120 മിനിറ്റിലും തീപാറിയ കലാശപ്പോരിനൊടുവിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന ജേതാാക്കളായത്. അവിശ്വസനീയമായ നാടകീയതകളാൽ സമ്പന്നമായ നിമിഷങ്ങൾക്കൊടുവിൽ ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബാപ്പെയാണ് ഹാട്രിക് നേടിയത്. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ മിന്നും ഗോളുകൾ. അർജന്റീനയ്ക്കായി മെസ്സിയും ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36–ാം മിനിറ്റ്) വകയാണ്.
ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനിയും മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
അർജന്റീനയുടെ സൂപ്പർ ക്യാപ്റ്റൻ മെസ്സി ലോക ഫുട്ബോളിൻ്റെ താരമായെങ്കിലും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫൈനലിൽ ഹാട്രിക് നേടിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് സ്വന്തം. ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസ്സി ഏഴു ഗോളുമായി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായി.
കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടനഷ്ടം തീർത്ത് തുടങ്ങിയ അർജന്റീന, ഒരു വർഷത്തിനിപ്പുറം ലോകകപ്പ് വേദിയിലെ 36 വർഷം നീണ്ട കാത്തിരിപ്പിനാണ് രാജകീയമായി വിരാമമിട്ടത്. ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തറിലെ കിരീടവിജയത്തോടെ അർജന്റീനയ്ക്ക് 347 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തേക്ക് പോയ ഫ്രാൻസിന് 248 കോടി രൂപയാണ് സമ്മാനം.
അങ്ങനെ ഖത്തർ ലോകകപ്പിന് തിരശ്ശീല വീഴുമ്പോൾ ലോകകപ്പിനോട് വിട പറയുന്ന മെസ്സിക്ക് ലോകകിരീടം മുത്താനായത് ചരിത്രം.