അറബ് രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കി ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനിടെ ഉച്ചകോടികളിലുണ്ടായത് നിര്‍ണായക തീരുമാനങ്ങൾ. സൗദി-ചൈന ഉച്ചകോടി, സഹകരണത്തിനും വികസനത്തിനുമുള്ള ഗൾഫ്-ചൈന ഉച്ചകോടി, റിയാദ് അറബ് ഉച്ചകോടി എന്നിവയിലാണ് ഷി ജിന്പിങം പങ്കെടുത്തത്.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി സൗദി അറേബ്യ വിവിധ ചൈനീസ് കമ്പനികളുമായി 34 നിക്ഷേപ കരാറുകളിലാണ് ഒപ്പുവച്ചത്. ഹരിത ഊർജം, വിവര സാങ്കേതിക വിദ്യ, ചരക്കുനീക്കം, ഗതാഗതം, മെഡിക്കല്‍, പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കും. സൗദി അറേബ്യയും ചൈനയും സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറിലും ഒപ്പുവച്ചു.
വിഷൻ 2030 ലക്ഷ്യമാക്കി വികസന, വൈവിധ്യവൽക്കരണ പദ്ധതി, സഹകരണത്തിനും സുസ്ഥിര വികസനത്തിനും പരസ്പര ആനുകൂല്യങ്ങൾക്കും വാഗ്ദാനമായ അവസരങ്ങൾ നൽകുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നിവയുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം അതിവേഗം പുരോഗമിക്കുകയാണെന്ന് സൗദി വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി. 2018 മുതൽ ചൈനയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് സൗദി. ഉഭയകക്ഷി വ്യാപാരത്തില്‍ 40 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സിസി, പലസ്തീന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് തുടങ്ങി അറബ് രാഷ്ട്രത്തലവന്മാരും സൗദിയില്‍ ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. ജിസിസി രാജ്യങ്ങളുമായുളള സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ റിയാദില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയില്‍ ധാരണയായി.
പെട്രോളിയം ഉൽപ്പാദന തർക്കത്തിൽ സൗദി–യുഎസ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ സൗദിസന്ദർശനമെന്നതും രാഷ്ട്രീയ പ്രാധാന്യമുളളതാണ്. ആഗോള വികസന സംരംഭം, ആഗോള സുരക്ഷാ സംരംഭം എന്നീ നിലകളിലുളള ചര്‍ച്ചകളും അറബ് ഉച്ചകോടിയിലുണ്ടായി. ബുധനാഴാച സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച മടങ്ങും.