കൗമാരക്കാർ കുറ്റവാളികളാകുന്ന സംഭവങ്ങൾ ഒഴിവാക്കാന്‍ മാതാപിതാക്കൾ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് ദുബായിലെ പ്രോസിക്യൂട്ടര്‍മാര്‍. കുട്ടികളുടെ ജീവീതത്തില്‍ കൂടുതല്‍ ഇടപെടാനും അവരുെട പ്രവര്‍ത്തനങ്ങളെ നീരീക്ഷിക്കാനും മാതാപിതാക്കൾക്ക് കഴിയുമെന്നും പ്രോസിക്യൂഷന് അഭ്യര്‍ത്ഥിച്ചു.
കൗമാരക്കാര്‍ കുറ്റവാളികളായ 162 കേസുകൾ ഈ വര്‍ഷം ദുബായ് ജുവനൈല്‍ കോടതിയിലെത്തി. 241 കൗമാരക്കാരാണ് കേസുകളില്‍ ഉൾപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ 17 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2021ല്‍ 138 ജുവനൈല്‍ കേസുകളാണ് ഉണ്ടായിരുന്നത്. 201 കൗമാരക്കാരായിരുന്നു പ്രതികൾ. 13 നും 18 നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടിക്കുറ്റവാളികളെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേസുകളില്‍ 20 പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ട്രാഫിക് നിയമ ലംഘനങ്ങൾ, മയക്കുമരുന്ന് ഉപഭോഗം, വഴക്കിടല്‍, ആക്രമണം എന്നിവയാണ് കൗമാരക്കാര്‍ ഉൾപ്പെടുന്ന പ്രധാന കേസുകൾ. ട്രാഫിക് കേസുകളില്‍ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും സാധാരണമായത്. ഈ വര്‍ഷം ഇതുവരെ 38 കേസുകളാണ് കൗമാരക്കാര്‍ക്കെതിരേ ചുമത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച ചിലര്‍ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അതേസമയം എട്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തത് മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിലാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.