51-ാമത് യൂണിയൻ ദിനവും അനുസ്മരണ ദിനവും ആഘോഷിക്കുന്ന വേളയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവ അബുദാബിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. അബുദാബി പൊലീസാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്സഫ പാലം, അൽ മഖ്ത പാലം എന്നിവയുൾപ്പെടെ എല്ലാ പ്രവേശന കവാടങ്ങളിലും നിരോധനം ബാധകമാണ്. ഗതാഗത നിരോധനം നവംബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഡിസംബർ 4 ഞായറാഴ്ച പുലർച്ചെ 1 മണി വരെ നീളുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹാമിരി പറഞ്ഞു.
അതേസമയം ലോജിസ്റ്റിക് പിന്തുണയും പൊതുവായ ക്ലീനിംഗ് സേവനങ്ങളും നൽകുന്ന വാഹനങ്ങളെ ഒഴിവാക്കും. അതേസമയം സുരക്ഷ കണക്കിലെടുത്ത് ശക്തമായ പോലീസ് സാന്നിധ്യവും കർശനമായ നിയന്ത്രണവും സ്മാർട്ട് സേവനങ്ങളും ഉപയോഗപ്പെടുത്തും. വാരാന്ത്യ അവധിയും ആഘോഷങ്ങളും കണക്കിലെടുത്താണ് നീക്കം. റോഡുകളിൽ കുതിരകളിലും ഒട്ടകങ്ങളിലും സവാരി അനുവദനീയമല്ലെന്നും പൊലീസ് പറഞ്ഞു.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് മാനേജ്‌മെന്റിനെ സഹായിക്കുന്നതിന് അധിക ജീവനക്കാരെ പട്രോളിംഗ് ഡ്യൂട്ടിയില്‍ ക്രമീകരിക്കാനും തീരുമാനമായി. അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും വാഹനങ്ങൾ ഉപയോഗിക്കുന്നതിനും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.