പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട് മുതൽ അഞ്ച് അക്കങ്ങൾ വരെയുള്ള 90 പ്രീമിയം വാഹന ലൈസൻസിംഗ് പ്ലേറ്റുകൾ ലേലം ചെയ്യാനാണ് തീരുമാനം.
ഡിസംബർ 28ന് (ശനി) ഇൻ്റർകോണ്ടിനെൻ്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റി ഹോട്ടലിൽ വൈകിട്ട് 4.30നാണ് ലേലം നടക്കുക. കോഡുകൾ (AA, BB, K, O, T, U, V, W, X, Y, Z and Z) ഫീച്ചർ ചെയ്യുന്ന പ്ലേറ്റുകളുടെ തലക്കെട്ട് AA21, BB55 എന്നീ സൂപ്പർ പ്ലേറ്റുകളാണ്.
ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 23 (തിങ്കൾ) ആരംഭിക്കും. താത്പര്യമുള്ളവർക്ക് ആർടിഎ വെബ്‌സൈറ്റ് വഴിയോ ഉമ്മുൽ റമൂൽ, ദെയ്‌റ, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതോടൊപ്പം, ലേല ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ ഓൺ-സൈറ്റ് രജിസ്ട്രേഷനും ലഭ്യമാകുമെന്ന് ആർടിഎ അധികൃതർ കൂട്ടിച്ചേർത്തു.
ലേലത്തിൽ പങ്കെടുക്കുന്നതിന് 5 ശതമാനം വാറ്റ് ബാധകമാണ്. ഓരോ ലേലക്കാരനും ദുബായ് ട്രാഫിക് ഫയൽ കൈവശം വയ്ക്കുകയും 25,000 ദിർഹത്തിൻ്റെ റീഫണ്ടബിൾ സെക്യൂരിറ്റി ചെക്ക് ആർടിഎയ്ക്ക് സമർപ്പിക്കുകയും വേണം. കൂടാതെ, റീഫണ്ട് ചെയ്യപ്പെടാത്ത ഫീസ് 120 ദിർഹം നിയുക്ത കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളിൽ നൽകണം. വെബ്‌സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയും പണമടയ്ക്കാൻ സാധിക്കും.