ഫുട്ബോളിൻ്റെ മിശിഹാ ലയണൽ മെസ്സിയെ തോൽപ്പിച്ച് കിരീടം ചൂടുമെന്ന് മെസിയോട് തന്നെ പറഞ്ഞതായി ബ്രസീൽ സൂപ്പർതാരം നെയ്മർ. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മെസ്സിയുമായി താൻ ലോകകപ്പിനെ കുറിച്ച് അധികം സംസാരിച്ചില്ല. എങ്കിലും ചില സമയങ്ങളിൽ ഫൈനലിൽ നേർക്കുനേർ വരുന്നതിനെ കുറിച്ച് തമാശകൾ പറയാറുണ്ട്. ഞാൻ ചാമ്പ്യനാവുമെന്നും നിങ്ങളെ തോൽപ്പിക്കുമെന്നും മെസ്സിയോട് പറഞ്ഞു. അതു പറഞ്ഞ് ഞങ്ങൾ ഒരുപാട് ചിരിച്ചു. ഇതാണ് നെയ്മറിൻ്റെ വാക്കുകൾ.
മെസിക്കും എംബാപ്പെയും മഹത്തായ കളിക്കാരാണ്, അവർക്കൊപ്പം കളിക്കുക എന്നത് സന്തോഷകരമാണ്. മെസ്സിയാകട്ടെ ലോകത്തെ തന്നെ മികച്ച കളിക്കാരനായി ഒരുപാട് നാൾ കണക്കാക്കപ്പെട്ടിരുന്ന താരമാണ്- നെയ്മർ പറയുന്നു.
ഫുട്ബോൾ എന്താണെന്ന് മനസിലാക്കി തുടങ്ങിയ നാൾമുതൽ ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്നമാണ്. ഇപ്പോൾ അത് നേടാൻ മറ്റൊരു അവസരം കൂടി തനിക്ക് ലഭിച്ചിരിക്കുന്നു. അത് വിനിയോഗിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും നെയ്മർ ആത്മവിശ്വാസം പങ്കുവയ്ക്കുന്നു.