ഫെസ്റ്റിവൽ സീസൺ ആരംഭിക്കാനിരിക്കെ ഡ്രൈവർമാർക്ക് നിർദേശവുമായി ദുബായ് പൊലീസ്. ക്രിസ്തുമസ്-പുതുവർഷ ആഘോഷങ്ങളേത്തുടർന്ന് റോഡിൽ തിരക്ക് വർധിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്നാണ് ദുബായ് പൊലീസ് നിർദേശിച്ചത്.
വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ പോകുന്ന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി ബദൽ പാതകൾ കണ്ടെത്തണമെന്നാണ് നിർദേശം. ഇന്ന് മുതൽ 31 വരെ 52 ലക്ഷത്തിലേറെ പേർ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് വിലയിരുത്തൽ. അതിനാൽ റോഡിൽ ഗതാഗത തടസവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാർക്ക് പുറമെ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരും കൂടി എത്തുന്നതോടെ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ യാത്ര ആരംഭിക്കുന്നതിന് മുമ്പ് എളുപ്പമുള്ള റോഡുകൾ കണ്ടെത്തി യാത്ര അതുവഴി മാറ്റണമെന്നാണ് അധികൃതർ നിർദേശിച്ചത്.