ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാണ് ആർടിഎ സൗകര്യമൊരുക്കുന്നത്. ഇതിനായുള്ള ദുബായ് ഫെറി സർവീസുകൾ രാത്രി പത്തുമുതൽ ദുബായ് മറീന, ഗുബൈബ, ബ്ലൂവാട്ടേഴ്‌സ് മറൈൻ സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുമെന്നും ആർടിഎ അറിയിച്ചു.
യാത്രക്ക് 350 ദിർഹം മുതൽ 525 ദിർഹം വരെയാണ് ഫെറിയിലെ വ്യക്തിഗത ടിക്കറ്റ് നിരക്ക്. പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് അൻപത് ശതമാനം ഇളവുണ്ടാകും. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമാണെന്നും ആർടിഎ വ്യക്തമാക്കി. അതേസമയം
3,750 ദിർഹത്തിന് ഒരു വാട്ടർടാക്സി മൊത്തമായി വാടകയ്ക്ക് എടുക്കാനും അവസരമുണ്ട്.
ഫെറി യാത്രക്കൊപ്പം പരമ്പരാഗത കടത്തുവള്ളങ്ങളായ അബ്രകളിൽ 150 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും. ജദ്ദാഫ്, ഫഹീദി, ഗുബൈബ സ്റ്റേഷനുകളിൽനിന്ന് രാത്രി പത്തിന് അബ്രകൾ യാത്ര ആരംഭിക്കും. ബുർജ് ഖലീഫ, അറ്റ്‌ലാൻ്റിസ്, ബ്ലൂവാട്ടേഴ്‌സ്, ജുബൈര ബീച്ച് എന്നിവിടങ്ങളിലെ ആഘോഷം കാണാനാകം. പുലർച്ചെ ഒന്നരവരെയായിരിക്കും ഇതിലെ അബ്രകളലെ യാത്ര. കൂടുതൽ വിവരങ്ങൾക്ക് 8009090 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്നും ആർടിഎ വ്യക്തമാക്കി.