യു.എ.ഇ.യിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. സെക്കന്‍റ് ഹാന്‍ഡ് മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും ഉയരുകയാണ്. കുതിച്ചുയരുന്ന ഇന്ധനവില, ദീർഘകാല ചെലവ് കുറയ്ക്കാനുള്ള വഴികൾ എന്നിവയാണ് ഇലക്ട്രിക് വാഹന മേഖലയുടെ ഡിമാന്‍റ് വര്‍ദ്ധനയ്ക്ക് കാരണം. ആവശ്യക്കാര്‍ ഏറിയതോടെ വാഹനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണതും വര്‍ദ്ധിച്ചു.
ഇലക്ട്രിക് കാറുകളുടെ രണ്ടാം നിര വിപണിയില്‍ ഈ വര്‍ഷം ആദ്യ പകുതിയിൽ വൻ വളർച്ചയാണ് ഉണ്ടായതെന്ന് പ്രമുഖ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ഡുബിസിൽ കാർസിന്റെ സെയിൽസ് ആൻഡ് പർച്ചേസ് മേധാവി താരീഖ് ഇസ്മായിൽ പറഞ്ഞു. 2022 ന്റെ ആദ്യ പകുതിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ 35 ശതമാനം വരെ വർധനയുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു. അറ്റകുറ്റപണികൾക്കായുളള ചെലവ് കുറയുന്നതിനൊപ്പം പുനർവിൽപ്പന മൂല്യവും ഉയര്‍ന്നതാണ് ഇലക്ട്രിക് കാര്‍ വിപണിയെ തുണച്ചത്.
ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ സബ്‌സിഡിയറിയുടെ റിപ്പോർട്ട് പ്രകാരം 2021ൽ ദുബായിൽ രജിസ്റ്റർ ചെയ്ത 5,000-ത്തിൽ താഴെ ഇലക്ട്രിക് വാഹനങ്ങളും 8,000-ത്തിലധികം ഹൈബ്രിഡ് വാഹനങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം എമിറേറ്റിൽ 2,300 ഇലക്ട്രിക് വാഹനങ്ങളും 6,000 ഹൈബ്രിഡ് വാഹനങ്ങളും പുതിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.