ദുബായ് ദേരയിൽ 7 നിലകളിലായി പെയ്ഡ് പാർക്കിംഗ് ടെർമിനൽ നിർമ്മിക്കാനൊരുങ്ങി പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി. അൽ സബ്ഖ ഏരിയയിൽ ഏഴ് നിലകളിലായി 350 പാർക്കിംഗ് സ്ഥലങ്ങളുള്ള സ്മാർട്ട് പാർക്കിംഗ് സൗകര്യം ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചത്.
പദ്ധതി പ്രദേശത്ത് പുതിയ ബഹുനില കാർ പാർക്ക് വികസിപ്പിക്കുന്നതിനായി ദുബായ് എൻഡോവ്‌മെൻ്റ് ആന്റ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷനുമായി ( ഔഖാഫ് ദുബായ്) ധാരണാപത്രത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ അറിയിച്ചത്. ഏകദേശം 1,75,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരിക്കും പാർക്കിംഗ് സൗകര്യമുണ്ടാകുക. കൂടാതെ 9,600 ചതുരശ്ര അടി താഴത്തെ നിലയിൽ റീട്ടെയിൽ സ്ഥലത്തിനായി നീക്കിവയ്ക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പെയ്ഡ് പാർക്കിംഗ് ടെർമിനലിന്റെ നിർമ്മാണം 2025-ൻ്റെ രണ്ടാം പകുതിയിൽ തന്നെ ആരംഭിക്കാനാണ് തീരുമാനം. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും പാർക്കിൻ അധികൃതർ അറിയിച്ചു.