ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി 12 വരെയാണ് സന്ദർശകർക്ക് കാഴ്ചയുടെ അനുഭവം പ്രദാനം ചെയ്യുന്ന ഷോകൾ നടക്കുക.
ഡിഎസ്എഫിന്റെ രണ്ടാം വാരാന്ത്യത്തിൽ പൈറോ ഡ്രോൺ ഷോകളാണ് (ഡ്രോണുകൾ ഉപയോഗിച്ചുള്ള പടക്കങ്ങൾ) ആകാശത്ത് വിരിയുക. 150-ഓളം പൈറോ ഡ്രോണുകൾ ബ്ലൂവാട്ടേഴ്സിനും ദി ബീച്ചിലെ ജെബിആറിനും മുകളിൽ ഡിസംബർ 13-ന് രാത്രി 8 മണിക്കും 10 മണിക്കും ദൃശ്യമാകും. അതോടൊപ്പം 150 പൈറോ-ഡ്രോൺ ഡിസ്പ്ലേകളുടെ ഒരു എൻകോർ ജനുവരി 11-നും കാണാൻ സാധിക്കും.
ഈ വർഷത്തെ ഷോയിൽ രണ്ട് തീമുകളാണ് ഉള്ളത്. ഡിസംബർ 6 മുതൽ 26 വരെ, ആദ്യ ഷോ ഡിഎസ്എഫിൻ്റെ പാരമ്പര്യം ആഘോഷിക്കുകയും ഡിസംബർ 6 മുതൽ 12 വരെ ഡ്രോണുകൾ ഒരു ക്യുആർ കോഡ് രൂപീകരിക്കുകയും ചെയ്യും. ക്യുആർ കോഡ് വഴി ജനങ്ങൾക്ക് വ്യക്തിഗത സന്ദേശം അയയ്‌ക്കാൻ സ്കാൻ ചെയ്യാൻ കഴിയും. ഡിസംബർ 13ന് ഡ്രോണുകൾ സന്ദേശങ്ങളാകും പ്രദർശിപ്പിക്കുക.