53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് നിവാസികൾക്ക് ലഭിക്കുക. ഈ അവസരത്തിൽ ദുബായിലെ 4 പൊതു ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉം സുഖീം 2 എന്നീ നാല് ബീച്ചുകളാണ് ദേശീയ ദിന വാരാന്ത്യത്തിലെ നാല് ദിവസങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് ഈ ബീച്ചുകൾ കുടുംബത്തിന് മാത്രം ആസ്വദിക്കാനായി മാറ്റിവെച്ചത്.
ഈദ് അൽ ഇത്തിഹാദ് ആഘോഷവേളയിൽ ദുബായിലെ പൊതു ബീച്ചുകൾ കുടുംബങ്ങൾക്കായി മാറ്റിവയ്ക്കുന്നത് അവധി ദിനങ്ങളിൽ ദുബായിലെ ബീച്ചുകൾ ആസ്വദിക്കാനുള്ള അവസരം കുടുംബങ്ങൾക്ക് കൂടി നൽകാനും ബീച്ചുകളിലേക്കുള്ള സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആന്റ് വാട്ടർവേസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.