സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
വരുന്ന ശനിയാഴ്ച മുതൽ ചൊവ്വാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മഴയുടെ അന്തരീക്ഷം നിലനിൽക്കുന്നുമുണ്ട്. അസീർ, ജീസാൻ, അബഹ തുടങ്ങിയ പ്രവിശ്യകളിൽ വരും ദിനങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം രാജ്യം കൂടുതൽ തണുപ്പിലേക്ക് പ്രവേശിക്കും.
മക്കയിലെത്തുന്ന തീർത്ഥാടകർക്ക് മഴ മുൻനിർത്തി പ്രത്യേക നിർദേശവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തണുത്ത കാറ്റ് രാജ്യത്ത് ശക്തമാകുന്നതോടെ ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് പ്രതീക്ഷിക്കുന്നത്.