53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2,269 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്കാണ് മോചനം നൽകിയത്.
തടവുകാർക്ക് മേൽ ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കിയാണ് ഷെയ്ഖ് മുഹമ്മദ് മോചന ഉത്തരവ് പുറപ്പെടുവിച്ചത്. മോചിതരാകുന്ന അന്തേവാസികൾക്ക് പുതിയ ജീവിതത്തിന് അവസരം നൽകാനും സ്ഥിരത കൈവരിക്കാനും കുടുംബങ്ങൾക്ക് സന്തോഷം നൽകാനും സാധിക്കുമെന്നതിനാലാണ് തീരുമാനം.
അതേസമയം, 683 തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ-ഷർഖി എമിറേറ്റിലെ പീനൽ ആന്റ് റിഫോർമേറ്റീവ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് 118 തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടു. ദേശീയ ദിനത്തിന് മുന്നോടിയായുള്ള അന്തേവാസികളുടെ യോഗ്യത, പശ്ചാത്തലം, പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനം.