യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്, തിയേറ്റർ, തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തത്സമയ സംപ്രേഷണം ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രപ്രാധാന്യ സ്ഥലമായതിനാലാണ് രാജ്യത്തിന്റെ ആഘോഷത്തിനായി അൽഐനെ തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതി കമ്യൂണിക്കേഷൻസ് മേധാവി ആയിഷ അൽ നുഐമി പറഞ്ഞു. അന്തരിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഔദ്യോഗിക ജീവിതം ആരംഭിച്ചതും ഭരണാധികാരിയിലേക്കുള്ള തുടക്കം കുറിച്ചതും അൽഐനിൽ നിന്നാണ്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണ് അൽഐനെന്നും അവർ കൂട്ടിച്ചേർത്തു.
ദേശീയ ദിനാഘോഷ പരിപാടികൾ പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടികളുടെ വിശദാംശങ്ങൾ EidAlEtihad ae വെബ്സൈറ്റിലും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ്, ടിക് ടോക്, എക്സ് തുടങ്ങിയ സമൂഹമാധ്യമ പേജുകളിലും ലഭ്യമാണ്.